ടിറാന (അല്‍ബേനിയ): 2026 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പെര്‍ഫെക്ട് ഓക്കെയുമായി ഇംഗ്ലണ്ട്. ഗ്രൂപ്പ് കെയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ട് 2-0ന് അല്‍ബേനിയയെ കീഴടക്കി. ഹാരി കെയ്ന്‍ (74, 82) നേടിയ ഇരട്ടഗോളിലായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.
യോഗ്യതാ റൗണ്ടിലെ എട്ടു മത്സരങ്ങളിലും ഗോള്‍ വഴങ്ങാതെയാണ് ഇംഗ്ലണ്ട് ജയം നേടിയതെന്നതാണ് ശ്രദ്ധേയം. 22 ഗോള്‍ യോഗ്യതാ റൗണ്ടില്‍ ഇംഗ്ലണ്ട് ടീം സ്വന്തമാക്കി. നേരത്തേതന്നെ യോഗ്യത സ്വന്തമാക്കിയ ഇംഗ്ലണ്ട് ടീമില്‍ ചെറിയ മാറ്റങ്ങളുമായാണ് അല്ബാനിയയ്ക്കെതിരേ ഇറങ്ങിയത്.
ഫ്രഞ്ച് ജയം
ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായ ഫ്രാന്‍സ്, അവസാന മത്സരത്തില്‍ റിസര്‍വ് ടീമുമായി കളത്തിലെത്തി ജയം സ്വന്തമാക്കി. എവേ പോരാട്ടത്തില്‍ അസര്‍ബൈജാനെ 1-3ന് ഫ്രാന്‍സ് തോല്‍പ്പിച്ചു. ഗ്രൂപ്പില്‍ യുക്രെയ്നെതിരായ കഴിഞ്ഞ മത്സരത്തിലെ ജയത്തോടെ ലോകകപ്പ് യോഗ്യത സ്വന്തമാക്കിയ ഫ്രാന്‍സ്, സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ പൂര്ണമാറ്റംവരുത്തിയാണ് അസര്‍ബൈജാനെതിരേ ഇറങ്ങിയത്. നാലാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയശേഷമായിരുന്നു ഫ്രാന്‍സിന്റെ തിരിച്ചുവരവ് ജയം.